കുഞ്ഞതിഥിയെ സ്വാഗതം ചെയ്ത് യുവ കൃഷ്ണയും മൃദുലയും ; കുഞ്ഞിന്റെ പേര് അറിയേണ്ടേ ?

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്‌ മൃദുല വിജയ്. കല്യാണസൗഗന്ധികം, കൃഷ്ണ തുളസി, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്‌ എന്ന ഗെയിം ഷോയിലൂടെയാണ് മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടുന്നത്. തമിഴിലും മലയാളത്തിലുമായി അഞ്ചോളം സിനിമകളിലും മൃദുല വേഷമിട്ടുണ്ട്.

സീരിയൽ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം ചെയ്തിരിക്കുന്നത്. 2020 ഡിസംബറിൽ ഇരുവരുടെയും എൻഗേജ്മെന്റ് കഴിഞ്ഞതോടെയാണ്‌ ഇരുവരുടെയും പ്രണയം ആരാധകർ അറിയുന്നത്. 2021 ജൂലൈയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുലയും യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും, അവരുടെ വ്യക്തി ജീവിതത്തിലെ സന്തോഷ വാർത്തകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അങ്ങനെ, 2022 ജനുവരിയിൽ, ദമ്പതികൾ തങ്ങൾ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചു. ഇപ്പോൾ, തങ്ങളുടെ കുടുംബത്തിൽ മറ്റൊരു അതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. മൃദുലയുടെ സഹോദരി പാർവതിയാണ് താൻ അമ്മയായ വിശേഷം പങ്കുവെച്ചത്. ഭർത്താവ് അരുണിനൊപ്പം കുഞ്ഞിന് മുത്തം കൊടുക്കുന്ന ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്.

“ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ പരിചയപ്പെടുത്തുന്നു ❤️ യാമിക” എന്ന അടിക്കുറിപ്പോടെയാണ് പാർവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തുടർന്ന്, മൃദുലയും യുവയും ചേർന്ന് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഒരു ചിത്രം യുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചു. ചിത്രത്തോടൊപ്പം, “വല്യച്ഛനും വല്യമ്മക്കുമൊപ്പം യാമിക ബേബി” എന്നും യുവ കുറിച്ചു.