നടൻ കോട്ടയം പ്രദീപിന്റെ അവസാന രംഗങ്ങൾ ഓർത്ത് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ; നടൻ അവസാനമായി അഭിനയിച്ചത് മോഹൻലാലിനൊപ്പം.!!

മലയാള സിനിമ – സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 61 വയസ്സായിരുന്നു. 2001-ൽ തന്റെ 40-ആം വയസ്സിൽ ഐ വി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച നടൻ, 70-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ജൂനിയർ ആർട്ടിസ്‌റ്റായി

മലയാള സിനിമയിൽ വരികയും, പിന്നീട് തന്റെ തനതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം കണ്ടെത്തുകയും ചെയ്ത നടന്റെ വിയോഗം, മലയാളികളെ ദുഃഖത്തിലാഴ്ത്തി. മമ്മൂട്ടി, മോഹൻലാൽ, പ്രിത്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ അവസാനമായി ക്യാമറക്ക്‌ മുന്നിലെത്തിയത്, മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലാണ്.

ഇപ്പോൾ, ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, കോട്ടയം പ്രദീപുമായുള്ള അവസാനമായി സംസാരിച്ച നിമിഷങ്ങൾ ഓർത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ്, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ. “പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, “ആറാട്ടി”ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു.”

“ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. “നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി”ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, “കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ.”