പ്രമുഖ തമിഴ് നടനും, ഡിഎംഡികെ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന ചൈന്നൈയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 71 വയസായിരുന്നു .അസുഖം ബാധിച്ചതിനെ തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1952 ഓഗസ്റ്റ് 22 ന് മധുരയിലായിരുന്നു അദ്ദേഹം ജനിച്ചത്. താരത്തിൻ്റെ യഥാർത്ഥ പേര് വിജയരാജ് അളകർ സ്വാമി. 1979-ൽ എം എ കാജാ സംവിധാനം ചെയ്ത ‘ഇളമൈ ‘ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് തമിഴ് സിനിമാരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 80കൾ കടന്നപ്പോൾ തമിഴകത്തെ ആക്ഷൻ ഹീറോയായി മാറി. പിന്നീട് തമിഴ് സിനിമാലോകത്ത് അദ്ദേഹത്തിൻ്റെ കാലമായിരുന്നു. അദ്ദേഹത്തിൻ്റെ നൂറാം ചിത്രമായ ‘ക്യാപ്റ്റൻ പ്രഭാകർ ‘ വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴകത്തെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.
ഈ സിനിമയ്ക്കു ശേഷം ക്യാപ്റ്റൻ എന്ന പേർ കൂടി വിജയരാജിന് പ്രേക്ഷകർ നൽകുകയുയായി. നൂറാവത്നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, വേലുത്തമ്പി, ധർമ്മപുരി, രമണ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിജയ്കാന്ത് തന്നെ സംവിധാനം ചെയ്ത ‘വിദുരഗിരിയിലാണ് ‘ താരം അവസാനമായി നായകനായെത്തിയത്. 2015-ൽ ‘സതാബ്ദം ‘ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ താരം പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഡിഎംഡികെ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനായ അദ്ദേഹം രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.
5 വർഷം പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്. 2016 ന് ശേഷം അദ്ദേഹത്തിൻ്റെ പാർട്ടി ദുർബലമായതോടെ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നില്ല. 2017 മുതൽ പല ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. 2020-ലെ കൊവിഡ് രണ്ടു തവണ വരിതയും, ആശുപത്രിയിലാവുകയും ചെയ്തിരുന്നു വിജയകാന്ത്. പ്രമേഹബാധയെ തുടർന്ന് അദ്ദേഹത്തിൻ്റെ വലതുകാലിലെ മൂന്നു വിരലുകളും മുറിച്ചു മാറ്റിയിരുന്നു.