ഈശോയ്‌ക്കൊപ്പം അന്നയല്ല, പകരം സുപ്രിയ “വിത്ത് ഈശോ ജോൺ കാറ്റാടി” ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

നടനെന്ന നിലയിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പൃഥ്വിരാജ് സംവിധായകൻ എന്ന നിലയിലും ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ്. ആദ്യം ലൂസിഫർ പോലെ തിയേറ്ററിൽ ആവേശം വിതറിയ ചിത്രം ഒരുക്കിയ പ്രിത്വി രണ്ടാമത് ബ്രോ ഡാഡിയിൽ കുടുംബ പ്രേക്ഷകരെ മുഴുവൻ ചിരിപ്പിച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ മകനായ ഈശോ ജോൺ കാറ്റാടിയായി എത്തിയ പ്രിത്വി തകർപ്പൻ അഭിനയമാണ് കാഴ്ച വച്ചത്. ചിത്രം ഒ റ്റി റ്റി പ്ലാറ്റ്‌ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.

ചിത്രത്തിൽ ഈശോയും അന്നയും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. പക്ഷെ ഇപ്പോൾ ഈശോയുടെ കൂടെ അന്നയ്ക്ക് പകരം വേറെ ഒരാളെ കണ്ടതിൽ ചെറിയ കുസൃതികളുമായി എത്തുകയാണ് ആരാധകർ. ഈശോയുടെ കൂടെ ഉള്ളത് വേറാരുമല്ല, പൃഥിയുടെ സ്വന്തം സുപ്രിയ തന്നെ. സുപ്രിയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. “ഈശോ ജോൺ കാറ്റാടിയ്‌ക്കൊപ്പം,” എന്നാണ് പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് സുപ്രിയ നൽകിയ ക്യാപ്ഷൻ.

രസകരമായ നിരവധി കമന്റുകളാണ് സുപ്രിയയുടെ പോസ്റ്റിൽ വരുന്നത്. “എന്നാലും എന്റെ ഈശോയുടെ മുടിയും താടിയും എന്തിയേ?”, “ഈശോ പൊളിച്ചു” , “അപ്പൊ അന്നയോ” , “ഈശോയുടെ കയ്യിലിരിപ്പ് ശരിയല്ല,” എന്നിങ്ങനെ രസകരമായ കമന്റുകൾ പോസ്റ്റിനു കിട്ടുന്നുണ്ട്. തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ബ്രോ ഡാഡി ഈയടുത്ത് അന്തരിച്ച സുപ്രിയയുടെ പിതാവിന് പൃഥ്വി സമർപ്പിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പൃഥ്വിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പും സുപ്രിയ പങ്കുവച്ചിരുന്നു.

അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ത്ഥ ബ്രോ ഡാഡി, എന്നാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മലയാളസിനിമാലോകത്തെ ക്യൂട്ട് ആൻഡ് പവർ ഫുൾ കപ്പിൾസാണ് പൃഥ്വിരാജും സുപ്രിയയും. നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം പൃഥ്വി കരിയറിൽ തിളങ്ങുമ്പോൾ, പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ മുന്നിൽ നിന്ന് നയിക്കുന്നത് സുപ്രിയയാണ്. സുപ്രിയയുടെ രസികൻ പോസ്റ്റുകൾക്കും പ്രിത്വി സംവിധാനം ചെയ്യുന്ന ചിത്രങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകർ.