ഞാൻ ആദ്യമായി കാണുന്നത് വിവാഹത്തിനാണ്, ബാക്കി വീട്ടുകാരെല്ലാം മുന്നേ കണ്ടിരുന്നു; യഥാർത്ഥ വിവാഹത്തെ കുറിച്ച് സിദ്ധുവിന്റെ ഭാര്യ.

കുടുംബപ്രേക്ഷകർക്കിടയിലെ ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്‌. മീര വാസുദേവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ സിദ്ധാർഥ് മേനോൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് കൃഷ്ണ കുമാർ മേനോൻ, അഥവാ പ്രേക്ഷകരുടെ സ്വന്തം കെ കെ. കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നത് കെകെയും ഭാര്യ രമയും ആയിരുന്നു.

ഇരുവരുടെയും ആദ്യ കണ്ടുമുട്ടലിനെ കുറിച്ചും, വിവാഹത്തെ കുറിച്ചുമെല്ലാം എംജി ശ്രീകുമാർ ചോദിച്ചപ്പോൾ, രമ വളരെ വിശദമായി അക്കാര്യങ്ങൾ പറയുകയുണ്ടായി. “ഞങ്ങൾ രണ്ട് പേരും ജനിച്ചത് ഊട്ടിയിൽ ആണ്. ഇവർ ചേട്ടനും അനിയനും ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഒക്കെ നിക്കുമായിരുന്നു, അങ്ങനെ പുള്ളിക്കാരനെ എന്റെ കുടുംബത്തിൽ ഉള്ളവർ മുഴുവനും കണ്ടിട്ടുണ്ട്, പക്ഷെ ഞാൻ മാത്രം കണ്ടിട്ടില്ലായിരുന്നു. ഞാൻ ആദ്യമായി കാണുന്നത്,

വിവാഹത്തിന് പ്രൊപോസൽ വരുമ്പോഴാണ്,” രമ പറയുന്നു. “ഞങ്ങളുടെ ഒരു പക്ക അറേഞ്ച് മാര്യേജ് ആയിരുന്നു. കണ്ടു, പരസ്പരം ഇഷ്ടപ്പെട്ടു, വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടു, ജാതകം നോക്കി, എല്ലാം ഒത്തുവന്നപ്പോൾ ചേട്ടൻ ബോംബെയിൽ നിന്നു വന്നു അങ്ങനെ വിവാഹം,” രമ പറഞ്ഞു. താൻ അന്നേരം എം എ-യുടെ പരീക്ഷക്കായി കാത്തിരിക്കുകയായിരുന്നു എന്നും, ആദ്യം കണ്ടപ്പോൾ തങ്ങൾ കൂടുതലും സംസാരിച്ചത് പഠനത്തെ കുറിച്ചായിരുന്നു എന്നും രമ കൂട്ടിച്ചേർത്തു.

കെ കെയ്ക്ക്‌ മുമ്പ് പ്രണയങ്ങൾ ഉണ്ടായിരുന്നോ എന്ന് എംജി ചോദിച്ചപ്പോൾ, “എനിക്ക് ചെറിയ ചെറിയ പ്രണയങ്ങൾ ഒക്കെ ഉണ്ടായിരുന്നു, എന്നാൽ അതൊന്നും വലിയ വിജയകഥകളല്ല. ശരിയാകുന്നില്ല എന്ന് മനസ്സിലാകുമ്പോൾ ഒഴിഞ്ഞു മാറും, അത്രേയൊള്ളൂ ആ പ്രണയങ്ങൾ ഒക്കെ,” കെ കെ മറുപടി പറഞ്ഞു. രമ ഊട്ടിയിൽ അധ്യാപികയാണ്, ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.