മേയർ ആര്യ രാജേന്ദ്രന് വരൻ എംഎൽഎ സച്ചിൻ ദേവ്; വിവാഹ വാർത്ത പുറത്തു വിട്ട് ഇരുവരും.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന രീതിയിൽ പ്രശസ്തയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലെത്തിയത്. അപ്പോൾ തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡൻ്റ് കൂടിയാണ് ആര്യ.
ഇപ്പോഴിതാ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കെ എം സച്ചിൻ ദേവാണ് വരൻ.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു സച്ചിൻ ദേവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയാണ് സച്ചിന്‍. ഇരുവരുടെയും വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയായതായാണ് വിവരം. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ

സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു ആര്യ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ് ആര്യ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്

ചെയർമാനായിരുന്ന സച്ചിൻ നിയമബിരുദധാരിയാണ്. ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. എന്നാൽ വിവാഹ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയമാണ് തങ്ങളെ ഇരുവരെയും അടുപ്പിച്ചതെന്നും ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വീട്ടിലും പാർട്ടിയും അറിയിക്കുകയായിരുന്നെന്നുമാണ് ആര്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാഹത്തിന്റെ തീയതിയടക്കം ഇരുകുടുംബങ്ങളും പാർട്ടിയും തീരുമാനിക്കുമെന്നും ഇരുവരും പറഞ്ഞു.