ഇനിയും എത്രയോ അവസരങ്ങൾക്കായി കാത്തുനിൽക്കുമ്പോഴാണ് ഈ യാത്ര. ഓർമ്മകൾ അയവിറക്കി ലാൽ ജോസ്.!!

മലയാള സിനിമാ ലോകത്തെ സിനിമാ പ്രേമികളെയും ടെലിവിഷൻ പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിച്ച കലാകാരനായ കോട്ടയം പ്രദീപിന്റെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു നാം ശ്രവിച്ചിരുന്നത്. ഇന്നലെവരെ നമ്മോടൊപ്പം ഉണ്ടായിരുന്ന താരം ഇന്ന് നമ്മോടൊപ്പമില്ല എന്ന തിരിച്ചറിവ് സിനിമാലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു. 2000 കാലഘട്ടം മുതൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ താരം നിരവധി

പ്രമുഖരോടൊപ്പം നിരവധി കഥാപാത്രങ്ങളിലായി എത്തിപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഒരു ഹാസ്യ കലാകാരനാണ്. മലയാള സിനിമയിൽ തന്നെ മലയാളികൾ ഒരിക്കലും മറക്കാത്ത ചില സ്വതസിദ്ധമായ ഡയലോഗുകളാൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാനും പ്രദീപിന് സാധിച്ചിരുന്നു. മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ആറാട്ടിലും ശ്രദ്ധേയമായൊരു കഥാപാത്രം താരം അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ ഈ സിനിമ റിലീസ് ആകുന്നതിനു മുമ്പേ ഉള്ള ഈ ദുഃഖ വാർത്ത പ്രേക്ഷകർക്ക് എന്നപോലെ സിനിമാ രംഗത്തെ പല പ്രമുഖർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള സിനിമാ രംഗത്തെ മുഴുവൻ പേരും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തിരുന്നു. എന്നാൽ സംവിധായകനായ ലാൽജോസ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

ലാൽജോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: നല്ല നടനായിരുന്നു.നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി.. ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര !പ്രിയ സുഹൃത്തേ, ആദരാഞ്ജലികൾ.