ആറോളം ഭാഷകൾ അറിയാം, എന്നാൽ മലയാളം എഴുതാൻ അറിയില്ല ; മലയാളികളുടെ പ്രിയ സീരിയൽ താരം മനസ്സുതുറക്കുന്നു.!!

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ‘സാന്ത്വനം’. ദേവിയും ബാലനുമെല്ലാം മലയാളി കുടുംബപ്രേക്ഷകരുടെ വീട്ടിലെ ഒരംഗമായി മാറിയിട്ട് ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുന്നു. ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെയും, അവളുടെ ഭർത്താവായി അഭിനയിക്കുന്ന രാജീവ്‌ പരമേശ്വരൻ അവതരിപ്പിക്കുന്ന ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയും, സഹോദരങ്ങളായ ഹരികൃഷ്ണൻ, ശിവൻ, മുരളികൃഷ്ണൻ എന്നിവരെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

പരമ്പരയിൽ, ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ഗിരീഷ് നമ്പ്യാർ ആണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടൻ, ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവും, താൻ എങ്ങനെ മിനിസ്‌ക്രീനിൽ എത്തി എന്നുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ്. തലശ്ശേരിക്കാരനായ ഗിരീഷ്, മുംബൈയിലാണ് വളർന്നതും പഠിച്ചതുമെല്ലാം. പിന്നീട്, ലണ്ടനിലും സിംഗപ്പൂരിലുമായി ഉപരിപഠനം പൂർത്തിയാക്കി.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗിരീഷ്, അഞ്ച് വർഷം 13 രാജ്യങ്ങളിലായി ഒരു ഓയിൽ കമ്പനിയിൽ ജോലി ചെയ്തു. ഇതിനിടെ ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളെല്ലാം ഗിരീഷ് പഠിച്ചെടുത്തു. എന്നിരുന്നാലും, മലയാളം എഴുതാൻ തനിക്കറിയില്ല എന്ന് നടൻ സമ്മതിക്കുന്നു. തുടർന്ന്, അഭിനയത്തിൽ കമ്പം കയറിയപ്പോൾ, ജോലി രാജിവെച്ച് സിനിമ ലക്ഷ്യമാക്കി ഇറങ്ങി.

സഹസംവിധായകനായി സിനിമയിൽ കയറിയ ഗിരീഷ്, ഒരു ചിത്രത്തിൽ വില്ലനായി വേഷമിടുകയും ചെയ്തു. തുടർന്ന്, മിനി സ്ക്രീനിലേക്ക് ചുവട് മാറ്റിയ നടൻ, ഇതുവരെ മലയാളത്തിലും തമിഴിലുമായി എട്ടോളം സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിഞ്ഞതാണ് തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ നേടിയതിൽ ഏറ്റവും വലിയ നേട്ടം എന്ന് ഗിരീഷ് പറയുന്നു. ഭാര്യ പാർവതിയും, മകൾ ഗൗരിയും അടങ്ങിയ ഒരു ചെറിയ കുടുംബമാണ് ഗിരീഷിന്റേത്.