ബ്രോ ഡാഡിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ; ചിത്രം പ്രിത്വിരാജിന്റെ കഠിന പ്രയത്നം എന്ന് ആരാധകർ.

മോഹൻലാൽ, പ്രിത്വിരാജ് സുകുമാരൻ, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്‌ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രമാണ് ‘ബ്രോ ഡാഡി’. പ്രിത്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ജനുവരി 26-ന് ഡിസ്നെ+ ഹോട്ട്സ്റ്റാറിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്‌ മുന്നിലെത്തിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

ശ്രീജിത്ത്‌ എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ദീപക് ദേവ് ആണ്. ചിത്രത്തിൽ എംജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, മോഹൻലാൽ, പ്രിത്വിരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുരുതി, ചതുർമുഖം, ആമേൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായഗ്രഹകനായ അഭിനന്ദൻ രാമാനുജം ആണ് ബ്രോ ഡാഡിക്ക്‌ വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ബ്രോ ഡാഡിയുടെ അണിയറപ്രവർത്തകർ

ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ നിമിഷങ്ങൾ നിറഞ്ഞ മേക്കിങ് വീഡിയോ, ബ്രോ ഡാഡി മേക്കിങ് വീഡിയോ എന്ന ടൈറ്റിലിൽ ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ആരാധകരുടെ ഭാഗത്ത്‌ നിന്ന് മികച്ച പ്രതികരണമാണ് വീഡിയോക്ക്‌ ലഭിക്കുന്നത്. വീഡിയോ കണ്ടവരിൽ ഏറെ പേരും എടുത്ത് പറയുന്നത് സംവിധായകൻ പ്രിത്വിരാജ് സുകുമാരന്റെ ഹാർഡ് വർക്ക്‌ ആണ്.

ചിത്രത്തിലെ ഓരോ സീനും അഭിനേതാക്കൾക്ക് ഡീറ്റൈൽ ആയി പ്രിത്വി അഭിനയിച്ചു കാണിച്ചു കൊടുക്കുന്നതായി വീഡിയോയിൽ കാണാം. കല്യാണി പ്രിയദർശൻ, മീന എന്നിവർ മുതൽ ചെറിയ വേഷത്തിൽ എത്തിയ സൗബിൻ ഷാഹിറിന് വരെ പ്രിത്വിരാജ് അവരുടെ ഭാഗങ്ങൾ അഭിനയിച്ചു കാണിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ എത്തിയ അത്ഭുതദ്വീപ് ഫെയിം തുമ്പൂർ ഷിബു ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി “പ്രിത്വിരാജ് സർ ഓരോ സീനും നമുക്ക് അഭിനയിച്ചു കാണിച്ചു തരും, അത് തരുന്ന ആത്മവിശ്വാസവും പിന്തുണയും ചെറുതല്ല.”