ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ നീതിക്കായി മമ്മൂട്ടി ;

2018 ഫെബ്രുവരി 22-ന് 30 കാരനായ മധു എന്ന ആദിവാസി യുവാവിനെ രോഷാകുലരായ ജനക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ വാർത്ത കേരള സമൂഹത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കുറ്റക്കാരായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും എന്ന് സർക്കാർ വാക്ക് നൽകിയിരുന്നെങ്കിലും, ഇപ്പോൾ കേസിൽ മധുവിന് വേണ്ടി നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടർച്ചയായി ഹാജരാകാത്തതിനെ മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതി ചോദ്യം ചെയ്തിരുന്നു.

ഇതോടെ, തന്റെ സഹോദരന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും, പ്രതികൾ സ്വാധീനം ഉപയോഗിക്കുന്നുണ്ട് എന്നും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസു അഭിപ്രായപ്പെട്ടിരുന്നു. അതോടെ മധുവിന്റെ കൊലപാതകം വീണ്ടും കേരളക്കരയിൽ ചർച്ചയായപ്പോൾ, നടൻ മമ്മൂട്ടി സംഭവത്തിൽ ഇടപെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുവിന്റെ കുടുംബത്തിന് വേണ്ട നിയമസഹായം വാഗ്ദാനം ചെയ്താണ് മമ്മൂട്ടി രംഗത്തെത്തിയത്.

നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി തന്നെ ഇടപെടും എന്ന ഉറപ്പും നിയമമന്ത്രി അദ്ദേഹത്തിന് കൊടുത്തു. കുടുംബത്തിന് നിയമസഹായം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നടൻ മമ്മൂട്ടിയുടെ ഓഫീസ് സന്നദ്ധത അറിയിച്ചതായി

മധുവിന്റെ സഹോദരി സരസു അറിയിച്ചു. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മമ്മൂട്ടിയുടെ നിർദേശപ്രകാരം മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലെങ്കിൽ മധുവിനുവേണ്ടി നിൽക്കുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ബുധനാഴ്ച കേരള സർക്കാർ തീരുമാനിച്ചിരുന്നു.